"മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്തുതുന്നിയ ഈ പുനര്‍ജനിയുടെ കൂടുവിട്ട് ഞാന്‍ വീണ്ടും യാത്രയാവുകയാണ്"

Thursday, April 27, 2006

നീ അരികിലുണ്ടോ?

പറഞ്ഞു തരിക, ഒരിളം കാറ്റായ് നിന്‍
സാന്നിധ്യമെന്നെ തഴുകുമീ വേളയില്‍
ആരുനീയെന്നു ഞാനറിയട്ടെ ,
എന്നോ കൊഴിഞ്ഞോരോര്‍മകള്‍ വീണ്ടും വിടരട്ടെ !

പകര്‍ന്നുതരിക, നിറയുമൊരു മൌനമായ്
എന്‍ മുന്നില്‍ നില്‍ക്കുമീ വേളയില്‍
എത്ര പഥങ്ങള്‍ ഒന്നിച്ചു പിന്നിട്ടു നാം,
എത്ര വസന്തത്തിന്‍ നിറങ്ങളണിഞ്ഞു .

ഓര്‍ക്കുന്നുവോ, വിടര്‍ന്ന മിഴികള്‍തന്‍ നീലിമ
ഇന്നെന്‍ സ്വപ്നത്തിന്‍ അഗാധത അറിയവേ ,
എത്ര പുലരിതന്‍ തണുപ്പിലലിഞ്ഞു നാം,
എത്ര പൂക്കള്‍ തന്‍ പുഞ്ചിരിയില്‍ വിടര്‍ന്നു.

തേങ്ങുന്നുവോ നിന്‍ കവിളണിയുമൊരു
കുങ്കുമ ശോഭയിലെതോ സന്ധ്യ ഞാനോര്‍ക്കവേ
ഏതു മൂവന്തി നമ്മുടെ വിരഹത്തിലെരിഞ്ഞു
ഏതു തീരത്തു നാം തമ്മില്‍ പിരിഞ്ഞു

അറിയിന്നു, നിന്‍ പുഞ്ചിരി പാലോളിയില്‍
ഉള്ളം കുളിര്‍ത്തിന്നു നില്‍ക്കവേ ഞാന്‍
എത്ര നിലാവ് പെയ്തുപോയ് വെറുതെ
എത്ര നിന്ദ്രകള്‍ രാപ്പാടി തേങ്ങലയോടുങ്ങി

Wednesday, April 27, 2005

പുഴയും മരിക്കുമ്പോള്‍....

കത്തുന്ന വേനലില്‍ ഉള്ളും പുറവും ഒന്ന് കുളിര്‍പ്പിക്കാനായ് ഞാന്‍ പുഴയെതേടിച്ചെന്നു.
അപ്പോള്‍ പുഴപറഞ്ഞു: " വൃത്തിക്കെട്ടവനെ , കുളിച്ചു ശുന്ധമായിട്ടു വാ ..... "

അതുകേട്ടു കുളിക്കടവില്‍ വിഴുപ്പലക്കുന്ന മണ്ണാത്തിപെണ്ണുങ്ങള്‍ കളിയാക്കി ചിരിച്ചു
.അവരുടെ 'വിയര്‍ക്കുന്ന' നഗ്നത കൊത്തിവലിക്കുവാന്‍ പുഴയില്‍
ചൂണ്ടയിട്ടിരിക്കുന്ന ചെറുക്കന്മാര്‍ ആര്‍ത്തു കൂവിവിളിച്ചു.....

കാട്ടരുവിയില്‍ മുങ്ങികുളിച്ച ബാല്യം ഓര്‍ത്തുകൊണ്ടു ഞാന്‍
തിരിഞ്ഞു നടന്നു .
കുനിഞ്ഞ ശിരസ്സില്‍ ഉദിച്ച ചോദ്യങ്ങള്‍ ഞാന്‍ ചോദിച്ചില്ല।

കവിളിലെ ജലകണങ്ങള്‍ വിയര്‍പ്പുതുള്ളികളായി ഞാന്‍ കരുതി।

അരുവി പുഴയാകുമ്പോള്‍ ഇങ്ങിനെ ആയിരിക്കും വിധി.